'ക്യാപ്റ്റന്‍ കൂള്‍' ഇനി എം.എസ്. ധോനിക്ക് മാത്രം; ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു
റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ലോകപ്രസിദ്ധ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ്. ധോനി 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേര് ഇപ്പോള്‍ നിയമപരമായി സ്വന്തമാക്കാനായുള്ള ശ്രമത്തിലാണ്. ഈ പേരിന് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ധോനി ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 5നാണ് താരം ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 16ന് ട്രേഡ്മാര്‍ക്ക് ജേണലില്‍ ഈ അപേക്ഷ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്പോര്‍ട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, മറ്റു ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതോടെ ധോണിക്ക് 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേര് വന്നത്. ഗ്രൗണ്ടില്‍ സമചിത്തനായി നിന്നു ടീമിനെ നയിച്ചത് ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ഇതോടെയാണ് ക്യാപ്റ്റന്‍ കൂള്‍ വിളിപ്പേര് ധോനിക്ക് ലഭിച്ചത്. പിന്നീട് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്തേക്കും ധോനി എത്തി. അന്താരാഷ്ട്ര, ഐപിഎല്‍ പോരാട്ടങ്ങളില്‍ കളിച്ച കാലത്തെല്ലാം സമാന രീതിയിലുള്ള പെരുമാറ്റമായിരുന്നു ധോനിയെ വ്യത്യസ്തനാക്കിയത്.